മദ്യലഹരിയില്‍ വന്ന കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.
ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഹബീബിനും ഗുരുതരമായി പരിക്കേറ്റു.
മദ്യലഹരിയില്‍ ആയിരുന്ന കാർ ഡ്രൈവർ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.
സ്വകാര്യ സ്കൂളില്‍ താല്‍കാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ മലപ്പുറം പറപ്പൂർ സ്വദേശി അകബർ അലി (36)യെ വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.