നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി; തിരുവനന്തപുരം സ്വദേശി രാജേഷിന് സൗദിയിൽ നിന്ന് അന്ത്യയാത്ര

റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് വേളാവൂർ മത്തനാട് ശ്രീരാഗ് ഭവനിൽ രാജേഷ് (58) അന്തരിച്ചു..വേറ്റി നാട് മൊട്ടമൂട് കൈതറമൂഴി സ്വദേശിയാണ്

 ദീർഘകാലത്തെ ചികിത്സയ്ക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായുള്ള കാത്തിരിപ്പിനും ഒടുവിൽ ഒക്ടോബർ നാലിനായിരുന്നു മരണം.

ദിവസങ്ങളോളമായി അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേഷ്. നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം ആവശ്യമായ നടപടികൾ ആരംഭിച്ചു. ടിക്കറ്റ്, വീൽചെയർ, വിമാനയാത്രയ്ക്കുള്ള അനുമതി എന്നിവയുൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് രക്തസമ്മർദം താഴുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തത്. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ യാത്രയ്ക്കുള്ള തുടർനടപടികൾ നടന്നുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രവാസജീവിതത്തിന്റെ അവസാന നാളുകളിൽ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം സഫലമാകാതെ പോയത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി.

മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു. ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. 

"മുഴുവൻ നടപടികളും കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു. ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. പ്രത്യേക സാഹചര്യങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധികൾ നേരിട്ടു. ഒടുവിൽ ഒക്ടോബർ 29ന് ദമാം വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബർ 30ന് മൃതദേഹം സംസ്കരിച്ചു.

32 വർഷമായി അൽഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.

പെരുങ്കർ കൈതടമുഴിയിൽ പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ സരിതകുമാരി.

 മക്കൾ: ശ്രീരാഗ്, ശ്രീനാഥ്. ഇരുവരും വിദ്യാർഥികളാണ്. ഏക സഹോദരൻ സുരേഷ് കുമാർ."
 .