തിരുവനന്തപുരത്ത് സ്കൂട്ടർ അപകടത്തിൽ പെട്ടപ്പോൾ സീറ്റിനടിയിൽ നിന്ന് ചാടിയത് പുള്ളിമാൻ തോൽ

അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് പുള്ളിമാൻതോൽ പുറത്തുചാടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വള്ളക്കടവ് കാരാളി പാലത്തിനുസമീപം ആറ്റുവരമ്പിൽ വീട്ടിൽ‌ ജിത്തു എന്നുവിളിക്കുന്ന ഗോകുൽ (31), വെങ്ങാനൂർ ചരുവിളയിൽ അനന്തുഭവനില്‍ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റെയ്ഞ്ച് ഉദ്യോഗസ്ഥർ‌ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ടിൽപ്പെട്ട പുള്ളിമാന്റെ തോൽ കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്.
ഞായറാഴ്ച വൈകിട്ട് കോവളത്തിനു സമീപം കല്ലുവെട്ടാൻ കുഴിയിൽ ആയിരുന്നു അപകടം. ഗോകുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപെടുകയായിരുന്നു. സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിക്കുകയും സീറ്റിനടിയിൽ നിന്ന് മാൻതോൽ വെളിയിലേക്ക് വീഴുകയുമായിരുന്നു. പോലീസിനെ വിവരം അറിയിക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തുകയും, പരുത്തിപ്പള്ളി ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാൻ തോലും സ്കൂട്ടറും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിശദമായ അന്വേഷണത്തിൽ ഗോകുലിനെ അറസ്റ്റ് ചെയ്തു.
ഗോകുലിന്റെ സുഹൃത്തായ അനന്തുവിനെ ചോദ്യം ചെയ്തതിൽ നിന്നും ചിങ്ങവനം മേഖലയിലെ ഒരു വീട്ടിൽ നിന്ന് വീടുസാധനങ്ങൾ മാറ്റാൻ പോയ സമയം അവിടെ നിന്ന് മാൻ തോൽ കണ്ടെന്നും അത് അവിടെ നിന്ന് എടുത്ത് സ്കൂട്ടറിൽ സൂക്ഷിച്ചതാണെന്നും പ്രതികൾ മൊഴി നൽകി. മാനിനെ കൊന്ന് തോൽ എടുത്തത് ആരെന്നും അന്വേഷിക്കുന്നുണ്ട്.