കഴിഞ്ഞ മാസം എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കെതിരെയാണ് ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതിയത്. ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്. കൃത്യത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഫോർട്ട് സി.ഐ ആർ.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. എസ്.ഐ ജഗ്മോഹൻ കൃഷ്ണമോഹൻ, എസ്.സി.പി.ഒ റഷീദ്, അജീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.