റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; പരുക്കേറ്റ ഒരു ഇന്ത്യക്കാരൻ മരിച്ചു.,ആവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് ഉള്ളിൽ തുടരണം, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് സൗദി ഇന്ത്യൻ എംബസി

റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യ റിയാദ് കിങ് ഖാലിദ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റ ഒരു ഇന്ത്യക്കാരൻ മരിച്ചു.റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വിയോഗത്തിൽ റിയാദിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ പൂർണ്ണ പിന്തുണ നൽകുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണ് ഇയാൾ എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

റിയാദ്: ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് സൗദി ഇന്ത്യൻ എംബസി. ജാഗ്രത പാലിക്കണം.ആവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് ഉള്ളിൽ തുടരണമെന്നാണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 12 പേർ കൊല്ലപ്പെട്ട ഇന്നലത്തെ ഹൂത്തികളുടെ ആക്രമണത്തിന് ശേഷം ഇന്ന് വൈകിട്ടോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ഒരു മിസൈൽ തകർത്തു എന്നും തീപ്പിടുത്തം അണച്ചു എന്നും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു. സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂത്തികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിരുന്നു.