റിഫ്‌ളക്ടറില്ലാത്ത ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് സൂപ്പർമാർക്കറ്റിനും വൈദ്യുത ട്രാൻസ്‌ഫോർമറിനും ഇടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.

ബൈക്ക് അപകടം; യുവാവ് മരിച്ചു  
​കല്ലമ്പലം: റിഫ്‌ളക്ടറില്ലാത്ത ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് സൂപ്പർമാർക്കറ്റിനും വൈദ്യുത ട്രാൻസ്‌ഫോർമറിനും ഇടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. വർക്കല-കല്ലമ്പലം റോഡിൽ മാവിൻമൂട് ജങ്ഷനിലാണ് അപകടം. കൊല്ലം അഞ്ചൽ ഏറം കമലാശയത്തിൽ ടി പി രാജുവിന്റെയും ഗിരിജയുടെയും മകൻ അജയ്കൃഷ്ണനാണ് (27) മരിച്ചത്. ചൊവ്വ പുലർച്ചെയാണ് അപകടം. കല്ലമ്പലം ഭാഗത്തുനിന്ന് വർക്കലയിലേക്ക് ഡ്യുക്ക് ബൈക്കിൽ പോകുന്നതിനിടെ മാവിൻമൂട് ജങ്ഷനിലെ ഹമ്പിൽ കയറിയാണ് അപകടം.  
​പുലർച്ചെ ഇതുവഴിയെത്തിയ കാൽനടയാത്രക്കാരാണ് ട്രാൻസ്‌ഫോർമറിനും സൂപ്പർമാർക്കറ്റിനുമിടയിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ യുവാവ് കമിഴ്ന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന് കല്ലമ്പലം പൊലീസിനെ അറിയിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അജയ്കൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വിവരം. വർക്കലയിലെ കുഴിമന്തി കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. സഹോദരൻ: അനന്തകൃഷ്ണൻ. മാവിൻമൂട് ജങ്ഷനിലെ ഹമ്പ് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള മുന്നറിയിപ്പ് അടയാളങ്ങളോ റിഫ്‌ളക്ടറുകളോ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.