പൊലീസിനെ വെട്ടിച്ച് മുങ്ങി; പുത്തരിക്കണ്ടത്ത് കച്ചവടക്കാരനെ ചവിട്ടി വീഴ്ത്തി പണവും ബ്രേസ്ലെറ്റും കവര്‍ന്ന കുപ്രസിദ്ധ ഗുണ്ട 'കാറ്റും' മകനും ഒടുവില്‍ ഫോര്‍ട്ട് പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കൊടുംക്രൂരതയ്ക്ക് ഒടുവിൽ കുപ്രസിദ്ധ കുറ്റവാളിയും മകനും പൊലീസ് പിടിയില്‍. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തിന് സമീപം വഴിയാത്രക്കാരനായ ചെരുപ്പ് കച്ചവടക്കാരനെ ക്രൂരമായി മർദ്ദിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിൽ 'കാറ്റ്' എന്ന് വിളിപ്പേരുള്ള മണികണ്ഠനും (43) മകൻ സനിൽ കുമാറുമാണ് (20) ഫോർട്ട് പൊലീസിന്റെ വലയിലായത്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഹിസ്റ്ററി ഷീറ്ററും കെ.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണ് മണികണ്ഠൻ.

കഴിഞ്ഞദിവസം പുത്തരിക്കണ്ടം പബ്ലിക് ടോയ്ലറ്റിന് സമീപമായിരുന്നു നടുക്കുന്ന സംഭവം. ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന ചെരുപ്പ് കച്ചവടക്കാരനായ രാജേഷിന് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പിതാവും മകനും ചാടിവീണത്. രാജേഷിനെ ക്രൂരമായി ചവിട്ടി താഴെയിട്ട പ്രതികൾ, നഗരമധ്യത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന വെള്ളി ബ്രേസ്ലെറ്റും മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 5,800 രൂപയും ബലമായി തട്ടിയെടുത്ത് സംഘം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഇരയായ രാജേഷ് നൽകിയ പരാതിയിൽ ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ പ്രധാനിയായ മണികണ്ഠനെ പൊലീസ് മണിക്കൂറുകൾക്കകം തന്നെ പൊക്കിയിരുന്നു. എന്നാൽ, പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ മകൻ സനിൽ കുമാർ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് തിരുവല്ലത്തുവെച്ച് സനിൽ കുമാർ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രം പൊലീസ് വളഞ്ഞത്. ഫോർട്ട് സി.ഐ ആര്‍.എസ്. ശ്രീകാന്ത്, എസ്.ഐമാരായ ജഗ്മോഹന്‍, കൃഷ്ണമോഹന്‍, എസ്‌.സി.പി.ഒമാരായ റഷീദ്, അനീഷ് കുമാര്‍, സി.പി.ഒ നിജിന്‍ രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘത്തിന്റെ സാഹസികമായ നീക്കമാണ് പ്രതികളെ ഒടുവിൽ അഴിക്കുള്ളിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.