കല്ലമ്പലം.ഹെൽമെറ്റ് തകർത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഞെക്കാട് അമ്പിളി മുക്ക് സ്വദേശി സുജിത്ത് (43) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ബിനുവിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം സുജിത്തും ബിനുവും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നു. ഇതിനിടെ സുജിത്തിന്റെ ഹെൽമെറ്റ് ബിനു അടിച്ചുതകർത്തതായി പറയുന്നു. തകർന്ന ഹെൽമെറ്റിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടോടെ സുജിത്ത് ബിനുവിന്റെ വീട്ടിലെത്തിയതാണ് വീണ്ടും സംഘർഷത്തിന് കാരണമായത്.
വീട്ടുമുറ്റത്ത് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തർക്കം രൂക്ഷമാവുകയും ചെയ്തു. ഇതിനിടെ പ്രകോപിതനായ ബിനു മുറ്റത്ത് ഇറക്കിവെച്ചിരുന്ന വിറകുകൊള്ളി എടുത്ത് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അടിയേറ്റ് നിലത്തുവീണ സുജിത്തിനെ തുടർന്ന് ബിനു വഴിയിലേക്ക് വലിച്ചിഴച്ചിട്ടതായും നാട്ടുകാർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാർ ചേർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കല്ലമ്പലം
പൊലീസ് പ്രാഥമിക പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.