ഭര്‍ത്താവിന്‍റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ യുവതിയുടെ ക്വട്ടേഷൻ തൃശൂരില്‍ തിരുപ്പൂര്‍ സ്വദേശിനിയെ കൂട്ടമാനഭംഗം ചെയ്തു

തിരുപ്പൂർ സ്വദേശികളായ യുവാവിനെയും യുവതിയെയും തൃശൂരിലെ ലോഡ്ജില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റില്‍.

പ്രതികള്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും യുവാവിനെ ക്രൂരമായി മർദിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനാണിത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. യുവാവിന്റെ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ വിവരം ക്വട്ടേഷൻ സംഘത്തിന് കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വിവരം ലഭിച്ചതിന് പിന്നാലെ അഞ്ചംഗ സംഘം തൃശൂരിലെത്തി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ച്‌ കയറി ഇരുവരെയും കീഴടക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെയും യുവതിയുടെയും കൈകാലുകള്‍ തുണികൊണ്ട് ബന്ധിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്ത ശേഷം ഇരുവരെയും കാറില്‍ കയറ്റി കൊണ്ടുപോയി.

തിരുപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തില്‍ കൈകാലുകള്‍ക്ക് പല ഭാഗത്തും ഒടിവുണ്ടായി. പിന്നീട് തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നില്‍ യുവാവിനെ ഉപേക്ഷിച്ച സംഘം യുവതിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. അഞ്ചംഗ സംഘത്തിലെ രണ്ടുപേർ ചേർന്നാണ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച്‌ ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കേസ് തൃശൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് കേസില്‍ നിർണായകമായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ തിരുപ്പൂരില്‍ നിന്നും മറ്റൊരാളെ പഴനിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. കേസില്‍ ആകെ അഞ്ച് പേരാണ് അറസ്റ്റിലായത്.