കാൻസർ തുടർചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രാമധ്യേ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിന്ന കൊല്ലം പരവൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ASI ഇർഷാദും സഹപ്രവർത്തകരും. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് (ആർ.സി.സി) സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കടുവയില്‍പള്ളിക്ക് സമീപം വെച്ചാണ് ഇവരുടെ 48,000 രൂപയും വസ്ത്രങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെടുന്നത്. പിന്നീട് ബാഗ് തിരികെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിലെത്തി ASI ഇർഷാദിനെ നേരില്‍ക്കണ്ട് വീട്ടമ്മയും സഹോദരനും സങ്കടം ബോധിപ്പിച്ചു. താനും മകനും രോഗബാധിതരാണെന്നും കുടുംബം കടുത്ത കടക്കെണിയിലാണെന്നും അറിയിച്ച് അവർ സ്റ്റേഷനില്‍ വെച്ച് വിങ്ങിപ്പൊട്ടി. പോലീസുകാർ ഉടൻ തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് നിരാശയോടെയും കണ്ണീരോടെയുമാണ് അവർ മടങ്ങിയത്.
എന്നാല്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ASI ഇർഷാദ് വിഷയത്തില്‍ ഇടപെടുകയും സഹപ്രവർത്തകരായ പോലീസുകാരുമായി ചേർന്ന് മൂന്ന് ദിവസം കൊണ്ട് സ്വന്തം കൈയില്‍ നിന്ന് 41,000 രൂപ സമാഹരിക്കുകയുമായിരുന്നു. തുടർന്ന് പോലീസുകാർ ഇവരുടെ പരവൂരിലെ വീട്ടില്‍ നേരിട്ടെത്തി തുക കൈമാറി. ASI ഇർഷാദിന്റെ നേതൃത്വത്തില്‍ കല്ലമ്പലം പോലീസ് നടത്തിയ ഈ മനുഷ്യസ്നേഹ മാതൃകയ്ക്ക് വലിയ ജനപ്രീതിയും അഭിനന്ദനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.