ഇന്ത്യക്കാരന്റെ രണ്ടാമത്തെ 400*; 78 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മിസോറാം താരം ചിന്മയ് സുതർ. രഞ്ജി ട്രോഫിയിൽ നാഗാലാൻഡിനെതിരെ 400 റൺസ് നേടിയാണ് താരം തിളങ്ങിയത്. 517 പന്തുകളിൽ നിന്നും പുറത്താവാതെ 400 റൺസാണ് താരം സ്വന്തമാക്കിയത്. 46 ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് മിസോറാം താരത്തിന്റെ പ്രകടനം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചിന്മയ് സുതർ. ബി.ബി നിംബാൽക്കറാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. 1948ൽ മഹാരാഷ്ട്രക്ക് വേണ്ടി കത്തിയവാറിനെതിരെയായിരുന്നു നിംബാൽക്കർ 400 കടന്നത്. ഇപ്പോൾ ചിന്മയും 400 കടന്ന് ചരിത്രമെഴുതിയിരിക്കുകയാണ്.

തന്റെ മൂന്നാം ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിലാണ് 400 റൺസ് പിറന്നത്. മണിപ്പൂരിനെതിരെ റാഞ്ചിയിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യ ഇന്നിംഗ്സിൽ 33 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 99 റൺസിനും പുറത്തായി.

മത്സരത്തിൽ ചിന്മയ് സുതർ 400 കടന്ന ഉടനെ തന്നെ മിസോറാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. നാഗാലാൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 581 റൺസ് എന്ന നിലയിലാണ് മിസോറാം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.