അതിശക്തമായ മഴ വരുന്നു, അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ രാവിലെ മഴ തുടങ്ങി പിന്നാലെ തുലാവർഷം എത്തിയതായി സ്ഥിരീകരണവും വന്നതിനു പിന്നാലെ അടുത്ത മൂന്നു മണിക്കൂറിലേക്ക് അതിശക്ത മഴ മുന്നറിയിപ്പ്. 5 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് മുന്നറിപ്പാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നിലവിൽ രാത്രി 7 മണിവരെ അതിശക്ത മഴ ജാഗ്രത. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് മുന്നറിയിപ്പും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.