തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1400 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,400 രൂപ കുറഞ്ഞതോടെ വില 1,04,480 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. പവന് 1,160 രൂപയുടെ കുറവോടെ 85,520 രൂപയിലാണ് 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം.
രാജ്യാന്തര വിപണിയിലും സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വില എത്തിയതായാണ് റിപ്പോർട്ട്. ഔൺസിന് 4,025 ഡോളറായാണ് രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നത്.
മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങളും അതിന്റെ പശ്ചാത്തലത്തിൽ എണ്ണവിലയിലുണ്ടായ വർധനയുമാണ് സ്വർണവിലയിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സാധ്യതയും സ്വർണവിപണിക്ക് തിരിച്ചടിയാകുന്നുണ്ട്.
യമനിലെ ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദി അറേബ്യയുടെ എണ്ണസംഭരണശാലകൾക്കും ഭീഷണിയുണ്ട്. ഇതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 113 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വിലയും ബാരലിന് 100 ഡോളർ കടന്നു.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം ആരംഭിച്ചത്.