*കനത്ത മഴയിൽ വിറച്ച് ഊട്ടിയും കൊടൈക്കനാലും; 17 ഇടങ്ങളിൽ മണ്ണിടിച്ചിൽ, ബസിന് മുകളിൽ പാറ വീണു; നീലഗിരിയിലേക്കുള്ള യാത്രയ്ക്ക് വിലക്ക്*

ഊട്ടി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഊട്ടിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് ഗുരുതര സാഹചര്യം. തുടർച്ചയായ മഴയിൽ പ്രധാന റോഡുകളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായതോടെ നീലഗിരി ജില്ലയിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മേട്ടുപ്പാളയം–ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലുമായി 17 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് നീലഗിരിയിലേക്കുള്ള പ്രവേശനമാർഗങ്ങൾ പൊലീസ് അടച്ചു. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ നിലവിൽ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിനീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെവരെയും തുടർന്നു. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നിടങ്ങളിലുമാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടങ്ങളിലും വലിയ പാറകളും മണ്ണും റോഡിലേക്ക് പതിച്ചതോടെ വാഹനങ്ങൾക്ക് മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാത്ത സ്ഥിതിയായി.

ബർലിയാറിൽ അർധരാത്രിയോടെ സർക്കാർ ബസിന് മുകളിലേക്ക് മണ്ണും പാറകളും പതിച്ചു. ബസ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിലേക്ക് വീണ പാറകളും മണ്ണും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ദേശീയപാത അധികൃതർ ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു.

കേരളത്തിൽനിന്നെത്തിയ വിനോദസഞ്ചാരികളും മഴക്കെടുതിയിൽ കുടുങ്ങി. പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നെത്തിയ വിദ്യാർഥികളടങ്ങുന്ന സംഘങ്ങളുടെ വാഹനങ്ങൾ രാത്രിയിൽ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിക്കിടന്നു. എന്നാൽ പുലർച്ചയോടെ ഇവർ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽനിന്ന് യാത്ര തുടർന്നു.

കൂനൂർ–മേട്ടുപ്പാളയം കാനനപാതയിൽ ബർലിയാറിനും കൂനൂരിനും ഇടയിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണും പാറകളും പതിച്ചതിനാൽ വാഹനങ്ങൾക്ക് ഇരുദിശകളിലേക്കും സഞ്ചരിക്കാനാകാത്ത സാഹചര്യമാണ്. കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് മേട്ടുപ്പാളയത്തുവച്ചുതന്നെ ഊട്ടി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും പൊലീസ് തടയുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രധാന പ്രവേശനമാർഗങ്ങളും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടു. ഊട്ടിയിലേക്കുള്ള സർക്കാർ ബസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ താൽക്കാലികമായി യാത്ര അവസാനിപ്പിക്കുകയാണ്.

മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നാണ് അധികൃതരുടെ നിർദേശം. മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് നീലഗിരി ജില്ലയിലാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, ബർലിയാർ മേഖലയിൽ മണ്ണിടിച്ചിൽ അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് മഴയ്ക്കുപിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന വിമുക്തഭടൻ പാറ വീണ് മരിച്ചിരുന്നു. ഇതേ മേഖലയിലാണ് വീണ്ടും വ്യാപക മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. മണ്ണും പാറകളും നീക്കം ചെയ്താലും മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.കൊടൈക്കനാലിലും മണ്ണിടിച്ചിൽ, വിനോദസഞ്ചാരത്തിന് വിലക്ക്

ഊട്ടിക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലും കനത്ത മഴ നാശം വിതച്ചു. കൊടൈക്കനാലിലെ സെമ്പകനൂർ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. റോഡുകളുടെ വിവിധ ഭാഗങ്ങളിൽ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.

അപകടസാധ്യത കണക്കിലെടുത്ത് കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തി.

മഴക്കാലത്ത് മനോഹരമായ കാഴ്ചകൾ തേടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പദ്ധതിയിടുന്നവർ നിലവിലെ സാഹചര്യം ഗൗരവമായി കാണണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. റോഡുകളിൽനിന്ന് മണ്ണും പാറകളും നീക്കം ചെയ്യുന്നതുകൊണ്ടുമാത്രം അപകടഭീഷണി അവസാനിക്കണമെന്നില്ല. മഴയും മണ്ണിടിച്ചിൽ സാധ്യതയും തുടരുന്നതിനാൽ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചശേഷം മാത്രമേ ഈ മേഖലകളിലേക്കുള്ള യാത്ര പുനഃക്രമീകരിക്കാവൂ..