സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴ ലഭിച്ചേക്കും.
ഒക്ടോബർ 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട വിവിധ പ്രതിഭാസങ്ങളാണ് മഴസാഹചര്യം സങ്കീർണമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തും ന്യൂനമർദം നിലനിൽക്കുന്നതിനൊപ്പം, ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളം വഴി വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദമാണ് മറ്റൊരു ആശങ്ക. മധ്യ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ഈ ന്യൂനമർദം ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും.
നാളെ രാവിലെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഒക്ടോബർ 27ഓടെ ചുഴലിക്കാറ്റിന്റെ തീവ്രത വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അതിശക്തമായ നിലയിലെത്തിയേക്കും. ഒക്ടോബർ 28ന് രാവിലെ ആന്ധ്രപ്രദേശ് തീരത്തിന് സമീപം എത്തുന്ന ചുഴലിക്കാറ്റ് അന്നേദിവസം ഉച്ചയ്ക്ക് മുൻപ് ബാപട്ല–വിശാഖപട്ടണം മേഖലയ്ക്കിടയിൽ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യത. ഈ സമയത്ത് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.