പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമാണ് വ്യോമയാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എയര്‍ ഇന്ത്യ നീട്ടി. എയര്‍ ഇന്ത്യക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കാണ് നവംബര്‍ 14 വരെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നവംബര്‍ ഏഴ് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ എക്സിലൂടെ അറിയിച്ചു. ഒക്ടോബര്‍ 30-നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര മാറ്റിവെക്കാനോ ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നേടാനോ സൗകര്യമുണ്ടാകും. നവംബര്‍ 29 വരെയുള്ള തീയതികളിലേക്ക് സൗജന്യമായി റീബുക്കിങ് നടത്താം. എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്കോ സൗദിയിലെ പ്രവര്‍ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കോ വിമാനം മാറ്റാനും സാധിക്കും.
എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്‍ഡിഗോ തങ്ങളുടെ ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ നവംബര്‍ 14 വരെ റദ്ദാക്കി. ആകാശ എയര്‍ റിയാദിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ 30 വരെയും ജിദ്ദ സര്‍വീസുകള്‍ നവംബര്‍ 10 വരെയും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആയിരക്കണക്കിന് പ്രവാസി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
മേഖലയില്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായതാണ് വ്യോമഗതാഗതത്തെ ബാധിച്ചത്. മക്കയ്ക്ക് സമീപമെത്തിയ ഹൂതി ഡ്രോണ്‍ വ്യോമസേന തകര്‍ത്തതായി സൗദി സഖ്യസേന വ്യക്തമാക്കി. എന്നാല്‍ മക്ക ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നും സൗദിയിലെ എണ്ണകേന്ദ്രങ്ങളും സൈനിക താവളങ്ങളുമാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഹൂതി വക്താവ് യഹ്യ സരീ നല്‍കുന്ന വിശദീകരണം.
അതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുന്നത് വിമാന സര്‍വീസുകള്‍ക്ക് പുറമെ സമുദ്രഗതാഗതത്തിനും വലിയ ഭീഷണിയാകുന്നുണ്ട്. അന്താരാഷ്ട്ര കപ്പല്‍ച്ചാലിലൂടെ നീങ്ങിയ എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. ഒമാന്‍ തീരത്തിന് സമീപമായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് വന്‍ സുരക്ഷാ ആശങ്ക നിലനില്‍ക്കുകയാണ്.