ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 150 കിലോമീറ്റർ വരെ എത്താമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വേലിയേറ്റനിരപ്പിനേക്കാൾ ഒന്നര മുതൽ രണ്ടര മീറ്റർ വരെ കടൽവെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. തീരദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, അർണബ് കര തൊടുന്നതിന് മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.52 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പില്ല.
മുന്നൊരുക്കങ്ങളുമായി ഒഡീഷ സർക്കാർ
അർണബ് ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒഡീഷ സർക്കാർ. 26 ട്രെയിൻ സർവീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായി ഒഡീഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതുവരെ വിവിധ ജില്ലകളിൽ നിന്നായി 48000 പേരെ മാറ്റി പാർപ്പിച്ചു. 1700 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉടനീളം തയ്യാറാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഇന്ന് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 29 -ാം തിയതി വരെ ഒഡീഷ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.