*കുട്ടി ഡ്രൈവര്‍മാരുടെ കേസുകള്‍ മാത്രം 124; മദ്യപിച്ചതിന് 1931 കേസുകള്‍, പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ ഒറ്റ ദിവസം കണ്ടെത്തിയത് നിരവധി കേസുകള്‍*

തിരുവനന്തപുരം: എഡിജിപി പി വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റർ ചെയ്തു.

ഒക്ടോബർ 29 വൈകുന്നേരം നാല് മണി മുതല്‍ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകള്‍ നടന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യല്‍ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തിയത്.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകള്‍ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുപുറമെ, വാറന്റുകള്‍ നടപ്പിലാക്കുക, കാപ്പ, പിഐടി-എൻഡിപിഎസ് നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 631 കേസുകളും, കോട്പ നിയമപ്രകാരം 382 കേസുകളും, എൻഡിപിഎസ് നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിംഗ് ആക്‌ട് പ്രകാരം 30 കേസുകളും സ്പെഷ്യല്‍ ലോക്കല്‍ ലോ പ്രകാരം 523 കേസുകളും സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ 796 പരിശോധനകള്‍ നടത്തുകയും, 469 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറന്റുകളും 87 ലോംഗ് പെൻഡിംഗ് വാറന്റുകളും നടപ്പിലാക്കുകയും ചെയ്തു. യുഐ കേസുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം 67 പരിശോധനകള്‍ നടത്തുകയും അതില്‍ ഒരു നിയമലംഘനം കണ്ടെത്തുകയും ചെയ്തു.