ഫൈനലിൽ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത വരുൺ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേൽപ്പിച്ചു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഖിൽ സ്കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ 40 റൺസെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 144 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാൽ തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ ടൈറ്റൻസിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.
കാലിക്കറ്റിന്റെ ബിഗ് ഹിറ്റർമാരായ സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, കൃഷ്ണദേവൻ എന്നിവരിൽ ഒരാൾക്ക് പോലും നിർണായക മത്സരത്തിൽ തിളങ്ങാനായില്ല. സൽമാൻ 16-ഉം, അബ്ദുൾ ബാസിദ് 14-ഉം കൃഷ്ണദേവൻ ഏഴും റൺസെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോർ 167-ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ റമീസാണ് തൃശൂർ ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ തന്നെ വിഷ്ണുരാജിന്റെ (8) വിക്കറ്റ് നഷ്ടമായി. തുടരെ രണ്ട് ഫോറുമായി തുടങ്ങിയ വിഷ്ണുരാജിനെ അഖിൻ സത്താർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം ഓവറിൽ 18 റൺസെടുത്ത കെ.ആർ. രോഹിതും മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേർന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്തിയും ഇരുവരും അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. തകർപ്പൻ ബാറ്റിങ്ങിലൂടെ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.-
16-ആം ഓവറിൽ അഹ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും പുറത്താക്കി ജോസ് പെരയിൽ കാലിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ നൽകി. 49 പന്തുകളിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. സഞ്ജീവ് സതീശൻ 29 റൺസെടുത്തു. വിജയത്തോടടുക്കെ തൃശൂരിന് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. നിഖിൽ തോട്ടത്ത് 14-ഉം മുഹമ്മദ് ഇനാൻ എട്ടും റൺസുമായി മടങ്ങി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച എം.എസ്. അഖിൽ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 11 പന്തുകളിൽ നിന്ന് 19 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി ഇബ്നുൾ അഫ്താബും ജോസ് പെരയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് സെഞ്ച്വറിയടക്കം ടൂർണ്ണമെൻ്റിലാകെ 596 റൺസ് നേടിയ മൊഹമ്മദ് അസറുദ്ദീനാണ് ടൂർണ്ണമെൻ്റിൻ്റെ താരവും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകൾ വീഴ്ത്തിയ ട്രിവാൺഡ്രം റോയൽസിൻ്റെ എം നിഖിലാണ് മികച്ച ബൗളർ. മികച്ച യുവതാരത്തിനുള്ള പ്രോമിസിംഗ് യങ്സ്റ്റർ പുരസ്കാരം തൃശൂർ ടൈറ്റൻസിൻ്റെ മൊഹമ്മദ് ഇനാൻ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്സിനാണ് ഫെയർ പ്ലേ പുരസ്ക്കാരം.