ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസിനെതിരെയുള്ള കൈയേറ്റത്തില്‍ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം.എംഎല്‍എ പ്രകോപിതയായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎല്‍എ കൈയേറ്റം ചെയ്തിട്ടില്ലെന്നും സജിത് പറഞ്ഞു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎല്‍എയും പാളയം പ്രദീപുമാണ്. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 7 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉള്‍പ്പെടെ വലിച്ചുകീറിയെന്നും കൈയില്‍ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎല്‍എ പറഞ്ഞു.