ശമ്പളത്തിനായി വ്യാജ അറ്റൻഡൻസ് ഷീറ്റ് നിർമിച്ചു; ഹോംഗാർഡിനെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തു.

നെടുമങ്ങാട് : ശമ്പളം കൈപ്പറ്റുന്നതിനായി വ്യാജ ഹാജർ രേഖ തയ്യാറാക്കി സമർപ്പിച്ചെന്ന പരാതിയിൽ ഹോംഗാർഡിനെതിരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശിയായ ഷിബുകുമാറിനെ(48)തിരെയാണ് നടപടി.
തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസിൽ നിന്ന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട് ഹോംഗാർഡായി ജോലി ചെയ്തുവരികയായിരുന്നു ഷിബുകുമാർ. ജൂലൈ മാസത്തെ ശമ്പളം ലഭിക്കുന്നതിനായി ഹാജർ രേഖയിൽ കൃത്രിമം നടത്തിയെന്നാണ് കേസിലെ ആരോപണം.
ജൂലൈ മാസത്തിൽ ഏഴ് ദിവസം മാത്രമാണ് ഇയാൾ ജോലിയിൽ ഹാജരായിരുന്നതെന്നാണ് പോലീസ് കേസിൽ പറയുന്നത്. എന്നാൽ ഇരുപത്തിയൊന്ന് ദിവസം ജോലി ചെയ്തതായി രേഖപ്പെടുത്തി ഹാജർ രേഖ തയ്യാറാക്കിയെന്നാണ് കണ്ടെത്തൽ.
നെടുമങ്ങാട് പോലീസ് ഓഫീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഹാജർ രേഖയിൽ വ്യാജ ഒപ്പും ഔദ്യോഗിക മുദ്രയും പതിപ്പിച്ച് രേഖ നിർമിച്ചതായും പരാതിയിലുണ്ട്. ഈ രേഖ യഥാർഥമാണെന്ന തരത്തിൽ ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ ജില്ലാ ഫയർ ഓഫീസിൽ സമർപ്പിച്ചതായാണ് കേസ്.
ശമ്പളം തയ്യാറാക്കുന്നതിനായി നൽകിയ ഹാജർ രേഖയിൽ സംശയം തോന്നിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സർക്കാരിനെയും വകുപ്പിനെയും വഞ്ചിച്ച് അനർഹമായി പണം കൈക്കലാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് വ്യാജരേഖ തയ്യാറാക്കിയതെന്നാണ് കേസിലെ ആരോപണം. സംഭവത്തിൽ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.