കല്ലമ്പലത്ത് പെട്രോൾ പമ്പിലെ ഇന്ധനചോർച്ച; കിണറ്റിൽ തീപിടിച്ച് മൂന്ന് തൊഴിലാളികൾക്ക് പൊള്ളലേറ്റു

പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്ന് സമീപത്തെ കിണറ്റിൽ ഇന്ധനം കലരുകയും ശുചീകരണത്തിനിടെ തീപിടിത്തമുണ്ടാകുകയും ചെയ്ത സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനീതിനെയും രാകേഷിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുനു ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കല്ലമ്പലത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ നിന്നുള്ള ചോർച്ചയാണ് തൊട്ടടുത്ത കിണറിലെ വെള്ളത്തിൽ ഇന്ധനം കലരാൻ കാരണമായതെന്നാണ് വിവരം. തുടർന്ന് കിണർ വൃത്തിയാക്കുന്നതിനായി പമ്പ് ഉടമ മൂന്ന് തൊഴിലാളികളെയും വിളിച്ചുവരുത്തുകയായിരുന്നു.
കിണറ്റിലെ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് നീക്കിയ ശേഷം കിണറ്റിനുള്ളിലെ വായു സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനായി തീപ്പെട്ടി ഉരച്ചതോടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. കിണറിനുള്ളിൽ തങ്ങി നിന്നിരുന്ന ഇന്ധനവാതകത്തിലേക്ക് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.
തീപിടിത്തത്തിൽ മൂന്ന് പേർക്കും മുഖം, വയർ, കൈകൾ എന്നിവിടങ്ങളിൽ പൊള്ളലേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലെത്തിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പടർന്നിട്ടുണ്ട്. ഇന്ധനചോർച്ചയുടെ കാരണം, സുരക്ഷാ വീഴ്ച ഉണ്ടായോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.