ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു

ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇടുക്കി ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിഷം കഴിച്ച് അവശനിലയിലായ പിതാവ് ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കൊല്ലപ്പെട്ട ജസ്റ്റിൻ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയും വീട്ടിൽ സമാനമായ രീതിയിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ ജോയി കമ്പിവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കൊലപാതകം നടക്കുന്ന സമയത്ത് ജസ്റ്റിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് മാങ്കുളം എയ്ഡ് പോസ്റ്റിൽ നിന്നുള്ള പൊലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്.

പൊലീസെത്തുമ്പോൾ അവശനിലയിലായിരുന്ന ജോയി താൻ വിഷം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.