കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം. സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായിരുന്നു കീർത്തന. എം.ഡി.എം.എ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രതിയായതിന് പിന്നാലെ ഇവരെ ബി.ആർ.സി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.