പള്ളിക്കൽ :റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തിൽ മോഹനൻ പിള്ളയാണ് (66) മരിച്ചത്. 22ന് വൈകിട്ട് 6.50ന് പള്ളിക്കൽ പോരേടം റോഡിലായിരുന്നു അപകടം. തന്റെ സ്കൂട്ടർ വഴിയരികിൽ പാർക്ക് ചെയ്തശേഷം എതിർവശത്തെ കടയിലേക്ക് നടന്നുപോകവെ അമിതവേഗതയിൽ പള്ളിക്കൽ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മോഹനൻ പിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധൻ രാത്രി ഏഴിനാണ് മരിച്ചത്.
അപകടത്തിൽ ബൈക്കിൽ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു. പോസ്റ്റ്മോർട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. ഭാര്യ: രമണി. മക്കൾ: ഹരീഷ്, പാർവതി. മരുമക്കൾ: ഗായത്രി, വിഷ്ണു. സഞ്ചയനം തിങ്കൾ 9ന്.