മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടിവീണ വഴി സിഎംആർഎൽ- എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിന് ശുപാർശ ചെയ്തും ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം.
വീണയുടെ ഭർത്താവായ മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്. സിഎംആർഎലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകേസിൽ പിഎംഎൽഎ പ്രകാരം (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) ആണ് ഇ ഡി അന്വേഷണം നടത്തിയത്.