*കെഎസ്ആർടിസി ബസ് സ്പോൺസർ ചെയ്യാം; പൊതുഗതാഗത മേഖലയ്ക്ക് കൈത്താങ്ങാകാം*

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സി.എസ്.ആർ. ഫണ്ടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബസ് സ്പോൺസർഷിപ്പിന് അവസരം

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കെഎസ്ആർടിസി യുടെ ബസ് ഫ്ലീറ്റിലേക്ക് സ്പോൺസർഷിപ്പ് മുഖേന പുതിയ ബസുകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. സമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് പിന്തുണ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സി.എസ്.ആർ. ഫണ്ടുകൾ, സന്നദ്ധ/സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സ്പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി ഫ്ലീറ്റിലേക്ക് ബസുകൾ സംഭാവന ചെയ്യാവുന്നതാണ്. ജനങ്ങൾക്ക് മികച്ച യാത്രാസേവനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 

താഴെ പറയുന്ന വിവിധ വിഭാഗങ്ങളിലുള്ള ബസുകൾ സ്പോൺസർ ചെയ്യാം

കെഎസ്ആർടിസി യുടെ ആവശ്യാനുസരണം 9 മീറ്റർ മുതൽ 15 മീറ്റർ വരെയുള്ള വിവിധ മോഡലുകളിലുള്ള ബസുകൾ സ്പോൺസർഷിപ്പ് മുഖേന ലഭ്യമാക്കാൻ മാർഗ്ഗനിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. എ.സി. പ്രീമിയം ബസുകൾ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്/ബ്രാൻഡ് നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ട്. ബസിന്റെ പെയിന്റിംഗ്, ലിവറി, പരസ്യപ്രദർശനം എന്നിവ കെ.എസ്.ആർ.ടി.സി.യുടെ നിബന്ധനകൾക്ക് അനുസൃതമായിരിക്കും. 

പുതിയ ബസുകൾ സംസ്ഥാനത്തെ ആവശ്യമായ റൂട്ടുകളിലും പ്രദേശങ്ങളിലും വിന്യസിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സർവീസ് നടത്തുന്നതായിരിക്കും. സ്പോൺസർഷിപ്പ് സംബന്ധിച്ച നടപടികൾ കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സാങ്കേതിക മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും. 

പൊതുഗതാഗത വികസനത്തിൽ പങ്കാളികളാകാം

ഒരു ബസ് സ്പോൺസർ ചെയ്യുന്നതിലൂടെ നിരവധി യാത്രക്കാർക്ക് മികച്ച പൊതുഗതാഗത സേവനം ലഭ്യമാക്കുന്നതിൽ നേരിട്ട് പങ്കാളിയാകാം. സാമൂഹിക പ്രതിബദ്ധതയും സ്ഥാപനത്തിന്റെ ബ്രാൻഡ് സാന്നിധ്യവും ഒരുമിച്ച് ഉയർത്തുന്നതിനുള്ള അവസരമായും ഈ പദ്ധതിയെ പ്രയോജനപ്പെടുത്താം.

പൊതുഗതാഗതത്തിന്റെ വളർച്ചയ്ക്കായി കൈകോർക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളും സംഘടനകളും കെഎസ്ആർടിസിയുടെ ബസ് സ്പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശദമായ വ്യവസ്ഥകളും സാങ്കേതിക മാനദണ്ഡങ്ങളും കെ.എസ്.ആർ.ടി.സി. പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശപ്രകാരം ബാധകമായിരിക്കും. ഇത് സംബന്ധിച്ച് കെഎസ്ആർടിസി പുറത്തിറക്കിയ സർക്കുലറിൻ്റെ ഗൂഗിൾ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

https://drive.google.com/file/d/1iePR3uySuuBhRmT29eEgUYP1ogWb600E/view?usp=drive_link

ബസ് സ്പോൺസറിങ്ങുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ആവശ്യമായ സഹായത്തിനുമായി കെഎസ്ആർടിസിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സുമായി ബന്ധപ്പെടുക.

1. തിരുവനന്തപുരം Arun G S 9539202020
2. തിരുവനന്തപുരം Sajayakumar 9744887783
3. കൊല്ലം • ആലപ്പുഴ Yousuf 9947441808
4. എറണാകുളം • തൃശൂർ Anoob O P 9846655449
5. പത്തനംതിട്ട • ഇടുക്കി • കോട്ടയം Sreekanth S Nair 9847089578
6. പാലക്കാട് • മലപ്പുറം RIJU 8075025794
7. കണ്ണൂർ • കോഴിക്കോട് • കാസർഗോഡ് • വയനാട് Rafeek 9846512673