സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

.സംഗീത സംവിധായകൻ ശരത്തിനെ വിമർശിച്ച് നിരൂപക കൂടിയായ എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. റിയാലിറ്റി ഷോയിൽ വിധികർത്താവായിരുന്ന് പാട്ടിലെ വരികളുടെ അർത്ഥം കൃത്യമായി അറിയാതെ ശരത്ത് വ്യാഖ്യാനിക്കുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് ശാരദക്കുട്ടി കുറിച്ചു. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികൾക്ക് അറിവുകൊടുക്കുന്നതാണ് ഉചിതമെന്നും ചിന്തയിൽ ഭാവദീപ്തി ഉള്ളവർക്കെ പാട്ടോ അതിൻ്റെ അർത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂവെന്നും അവർ കുറിച്ചു.
കുറിപ്പിലൂടെ തുടർന്ന് വായിക്കാം... ചലച്ചിത്ര സംഗീത സംവിധായകൻ വരികളുടെ അർത്ഥസുഷമ രചയിതാവിൻ്റെ യത്ര കൃത്യതയോടെ അറിയണമെന്ന് നിർബ്ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നും പറയാം. അങ്ങനെയും മലയാള ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കുറിപ്പിൻ്റെ സന്ദർഭം ഇതാണ്.... ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായിരിക്കുന്ന സംഗീത സംവിധായകൻ ശരത് അവതാരകയായ പെൺകുട്ടിയോട് സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ എന്ന വരിയുടെ അർത്ഥം ചോദിക്കുന്നു.
കൗമാരക്കാരിയായ അവതാരക അർത്ഥം തെറ്റിച്ച് പറയുമ്പോൾ ശരത് പതിവ് രീതിയിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ വിപണന തന്ത്രം എന്നെ കരുതിയുള്ളു. എന്നിട്ടൊടുവിൽ ശരത് പാട്ടിൻ്റെ അർത്ഥം ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എല്ലാം അറിയാമെന്ന ഭാവത്തിൽ പറയുമ്പോൾ എന്തെങ്കിലുമൊരു തയ്യാറെടുപ്പ് വേണ്ടേ?. സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ.... എന്ന പ്രശസ്ത ഗാനത്തിന് ശരത് പറഞ്ഞ് കൊടുത്ത അർത്ഥത്തിലും ഭേദം ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരം തന്നെയായിരുന്നു.
അതിലൊരു തമാശയെങ്കിലുമുണ്ടായിരുന്നു. മലയാളത്തിലെ അതിപ്രശസ്തമായ പ്രണയ ഗാനമാണത്. ഉണ്ണായി വാര്യരുടെ നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാര പ്രധാനമായ പദത്തിലെ ഭാഗങ്ങൾ ചേർത്ത് വയലാർ എഴുതിയ ആ ക്ലാസിക് ഗാനത്തെ ദേവരാജൻ മാസ്റ്റർ തൊട്ടതെങ്ങനെയെന്നെങ്കിലും അതിനുപയോഗിച്ച രാഗ ഭംഗിയുടെ ഔചിത്യമെങ്കിലും മനസിലാക്കാതെ അതിൽ കയറി മേയാൻ ശരത് കാണിച്ച ആ ധൈര്യം അപാരം തന്നെ.
മിതമായ ഭാഷയിൽ അതിനെ അഹങ്കാരമെന്നെ പറയാനാകൂ. മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ ലാവണ്യവതികൾ ലാളിച്ച് വളർത്തും ദേവഹംസങ്ങളേ നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ ദേവിയുണ്ടോ ദേവീ കച്ചമണികൾ നൃത്തം വെക്കുന്ന വൃശ്ചികരാവുകൾ, കഥകളി മുദ്രയാം കമലദളം, മഞ്ജുതരയുടെ മഞ്ഞ്, ദേവഹംസങ്ങൾ ദൂതു പോകുന്ന മനോരഥം ഇതൊക്കെ എന്തെന്നറിയാതെ ആ കൽപകോദ്യാനത്തെ അദ്ദേഹം വ്യാഖ്യാനിച്ചു കളഞ്ഞു കുളിച്ചു. ക്ലാസെടുക്കാൻ ഒരുമ്പെടുമ്പോൾ പരിഹസിക്കാൻ വെമ്പൽ വരുമ്പോൾ മിനിമം തയ്യാറെടുപ്പെങ്കിലും വേണം.
ഇവിടെ വിധികർത്താവിൻ്റെ അജ്ഞത, അരസികത ഒക്കെയാണ് അങ്ങ് മുഴച്ച് വരുന്നത്. നളദമയന്തിമാരുടെ മധുവിധു രാത്രിയിലെ ഉദ്യാനവർണ്ണനയിലൂടെ ശൃംഗാരകേളിക്കുള്ള ക്ഷണവും അതിൻ്റെ സൂക്ഷ്മ സൂചനകളുമാണ് ഉണ്ണായിവാര്യരുടെ ഈ പദത്തിന്റെ ഉള്ളടക്കം. ഇന്ദ്രന്റെ നന്ദനവനത്തിനുപോലും ഉപമിക്കാൻ കഴിയാത്തത്ര മനോഹരവും കാമോദ്ദീപകവും സമാനതകളില്ലാത്തതുമാണ് ആ ഉദ്യാനം. അതാണ് കൽപകോദ്യാനമെന്നതിൻ്റെ അർത്ഥ ദീപ്തി.
ഗാനരചയിതാക്കൾ എത്രയോ കാലമായി താലോലിക്കുന്നതും കല്പാന്തകാലത്തോളം നിലനിൽക്കുന്നതുമായ ഒരു പ്രമദവനം തന്നെയാണത്. ഉണ്ണായിവാര്യരെ ഇത്രയ്ക്ക് ലളിത സുന്ദരമായി മലയാള ഗാനശാഖക്ക് സമ്മാനിച്ച മഹാപ്രതിഭകളാണ് വയലാറും ദേവരാജനും. ശരത് പഠിപ്പിക്കുന്നതുപോലെ തെങ്ങിൻ തോപ്പുകൾ നിറഞ്ഞ കേരളമല്ല അത്. അതിതീവ്രമായ പ്രണയമുഹൂർത്തത്തിൽ ചരാചരങ്ങളിലെല്ലാം തുടിക്കുന്ന കാമമാണ് കവി വരികളിൽ അടക്കി വെക്കുന്നത്. അടക്കിപ്പിടിച്ച ശൃംഗാരമാണീ വരികളിൽ തുളുമ്പാതെ തുളുമ്പുന്നത്.
തെങ്ങിൻ തോപ്പും കാട്ടുതാറാവുകൾ ഇണകളെ തിരയുന്ന കായൽ തീരങ്ങളും പ്രണയികൾക്ക് കൽപകോദ്യാനങ്ങൾ തന്നെ. വയലാർ അതും എഴുതിയിട്ടുണ്ട്. പക്ഷെ ഇവിടെ അർത്ഥം അതൊന്നുമല്ല. അതിൽ കേരളത്തിലെ അതിവിശിഷ്ടമായ ഒരു സാഹിത്യസൃഷ്ടി നൽകിയ തിളക്കമുണ്ട്. അതിൻ്റെ മുഴുവൻ സത്തയും ഉൾക്കൊള്ളിച്ച് അതിൽ വീണ്ടും പ്രണയത്തിൻ്റെ മാധുരി കോരിനിറച്ച് വയലാറെഴുതിയതാണ് കൽപകോദ്യാനം എന്ന വാക്ക്. ഗായകൻ സുദീപ് കുമാറും സംഗീത സംവിധായകൻ ബിജിബാലും ചേർന്ന് നടത്തുന്ന ഗാനചർച്ചകൾ ശരത് ഒന്ന് ശ്രദ്ധിക്കണം.
എത്ര സുന്ദരമായാണ് ഗായകൻ വരികളെ മനസിലാക്കി പാടുന്നത്. എത്ര ആദരവോടെയാണ് സംഗീതസംവിധായകൻ അവയെ തൊട്ട് കൂടുതൽ ദീപ്തമാക്കുന്നത്. ശരത് ഈണം കൊടുക്കൂ. പക്ഷെ അർത്ഥമറിയാതെ വ്യാഖ്യാനിക്കരുത്. അതും പോരാതെ മുന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെ പരിഹസിക്കരുത്. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികൾക്ക് അറിവുകൊടുക്കുന്നതാണ് ഉചിതം.
ചിന്തയിൽ ഭാവദീപ്തി ഉള്ളവർക്കെ പാട്ടോ അതിൻ്റെ അർത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂ. ദേവരാജൻ മാസ്റ്റർ പറഞ്ഞതായി രവി മേനോൻ ഉദ്ധരിച്ച ഒരു കാര്യം ഇവിടെ ഓർമ്മയിൽ നിന്ന് കുറിക്കട്ടെ. അക്ഷരസ്ഫുടതയില്ലായ്മ ക്ഷമിക്കാം. റേഞ്ച് കുറവായാൽ അതും ക്ഷമിക്കാം. പക്ഷെ ഭാവദീപ്തിയില്ലാത്തവരോട് ആ സംഗീത സംവിധായകന് ക്ഷമിക്കാനാവില്ല. നമുക്കും എന്നുമായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്