ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ തിങ്കളാഴ്‌ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഇവിഎം യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഞായർ രാവിലെ 10.30ന് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, രണ്ട് പഞ്ചായത്ത് വാർഡ് എന്നിങ്ങനെ അഞ്ചിടത്താണ് മത്സരം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (4), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ (14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (7), മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് (5) എന്നിവയാണിത്. ചൊവ്വ രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TRENDൽ ലഭിക്കും. പരസ്യപ്രചാരണം ശനിയാഴ്‌ച അവസാനിച്ചതോടെ കൂടുതൽ പേരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽഡിഎഫ് സ്ഥാനാർഥികൾ മുന്നിലാണ്. കല്ലറ, അഞ്ചുതെങ്ങ്, ഒറ്റൂർ ഡിവിഷനുകളിൽ ജനപ്രതിനിധികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. മുണ്ടയ്ക്കലിൽ പഞ്ചായത്ത് അംഗം സർക്കാർ ജോലി ലഭിച്ച് രാജിവച്ചതിനാലും പഴയകടയിൽ ജനപ്രതിനിധി മരിച്ചതിനെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട കല്ലറ ഡിവിഷനിൽ എഐഎസ്എഫിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന മാലിക് മാങ്കോടാണ് എൽഡിഎഫ് സ്ഥാനാർഥി. വർക്കല ബ്ലോക്ക് ഒറ്റൂർ ഡിവിഷനിൽ പി ബീനയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിൽ എസ് ബിജിമോളും എൽഡിഎഫിനായി രംഗത്തിറങ്ങും. മംഗലപുരം പഞ്ചായത്ത് മുണ്ടയ്ക്കൽ വാർഡിൽ രമ്യ വി തുളസി, നെയ്യാറ്റിൻകര തിരുപുറം പഴയകട വാർഡിൽ ജെ എസ് അജികുമാർ എന്നിവരും എൽഡിഎഫിനായി മത്സരരംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്‌ച അവധിയായിരിക്കും. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.