ആരെ കെട്ടിക്കാൻ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്ന 'മല്ലു ബോയ്‌സ്' ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആറ്റിങ്ങൽ സ്വദേശിനിയായ കാൻസർ രോഗി ഷൈനി. കാൻസർ ചികിത്സയ്ക്കും ഒന്നര വയസ്സുള്ള മകളുടെ ഹൃദയാരോഗ്യ ചികിത്സയ്ക്കുമായി സമാഹരിച്ച ഫണ്ടിൽ നിന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി രാജേഷ് 2.95 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ഷൈനി ചികിത്സാ സഹായത്തിനായാണ് മല്ലു ബോയ്‌സിനെ ബന്ധപ്പെട്ടത്. വീഡിയോ ചിത്രീകരിക്കുന്നതിനായി ആദ്യഘട്ടത്തിൽ 15,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതിനാണെന്ന് പറഞ്ഞായിരുന്നു ഇത്. ഫണ്ട് ലഭിച്ച ശേഷം ഈ തുക കൈമാറാമെന്ന ധാരണയിൽ വീഡിയോ ചെയ്യുകയും, തുടർന്ന് ലഭിച്ച തുകയിൽ നിന്ന് 15,000 രൂപ ഷൈനി നൽകുകയും ചെയ്തു.
എന്നാൽ ഇതിനുശേഷമാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടിയതെന്ന് ഷൈനി വ്യക്തമാക്കുന്നു. വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ (Boost ചെയ്യാനും Promotion പ്രൊമോഷനും) സാമ്പത്തിക സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഘട്ടംഘട്ടമായി രാജേഷ് പണം വാങ്ങി. തുക നൽകാൻ വൈകിയതോടെ വീഡിയോ ഡിലീറ്റ് ആയെന്ന് വിശ്വസിപ്പിച്ചും, വീണ്ടും പേടിപ്പിച്ചുമാണ് പലപ്പോഴായി 2,80,000 രൂപയോളം ഇയാൾ കൈപ്പറ്റിയത്.
വീഡിയോ വഴി ആകെ ലഭിച്ച 6 ലക്ഷം രൂപയിൽ പകുതിയിലധികവും ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തു. വീണ്ടും സാമ്പത്തികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതോടെയാണ് ഷൈനി ഇതിനെ ചോദ്യം ചെയ്തത്. ഭാവിയിൽ ഇനിയും വീഡിയോ ചെയ്യണമെങ്കിൽ ലഭിക്കുന്ന ഫണ്ടിന്റെ പകുതി നൽകണമെന്നും, ഇതിനായി ജോയിന്റ് അക്കൗണ്ട് തുടങ്ങി എഗ്രിമെന്റ് വയ്ക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടതായും ഷൈനി ആരോപിച്ചു. ഓട്ടോ തൊഴിലാളിയായ ഭർത്താവിന്റെ തണലിൽ കഴിയുന്ന തങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരെ സോഷ്യൽ മീഡിയയുടെ മറവിൽ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഷൈനി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഇയാൾക്കെതിരെ വ്യാപകമായി ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്