റെസ്റ്റോറന്റില്‍ ഭക്ഷണത്തിനു ശേഷമുള്ള ബാക്കി തുക അനുവാദമില്ലാതെ വെയിറ്റർ സ്വന്തമാക്കിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ചയാവുകയാണ്.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നിർബന്ധിതമായി ടിപ്പ് അടിച്ചേല്‍പ്പിക്കുന്ന രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരുകൂട്ടം സുഹൃത്തുക്കള്‍ ത്രീ-സ്റ്റാർ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. 920 രൂപയായിരുന്നു ഇവരുടെ ആകെ ബില്‍ തുക. ബില്ലിനായി 1,000 രൂപയുടെ നോട്ട് നല്‍കിയ ഉപഭോക്താവിന് ബാക്കി തുക തിരികെ നല്‍കാതെ വെയിറ്റർ തുക സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. ബാക്കി തിരികെ ആവശ്യപ്പെട്ടപ്പോള്‍, ആ തുക താൻ 'ടിപ്പ്' ആയി എടുത്തു എന്നാണ് വെയിറ്റർ മറുപടി നല്‍കിയത്.
ചോദ്യം ചെയ്തപ്പോള്‍ വെയിറ്ററും ഹോട്ടല്‍ മാനേജരും ചേർന്ന് ഉപഭോക്താവിനോട് തർക്കത്തില്‍ ഏർപ്പെടുകയും 'റെസ്റ്റോറന്റില്‍ എത്തുന്ന ഉപഭോക്താക്കള്‍ സേവനത്തിന് ടിപ്പ് നല്‍കാൻ ബാധ്യസ്ഥരാണ്' എന്ന് വാദിക്കുകയും ചെയ്തതായി ഉപഭോക്താവ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'സേവനം തൃപ്തികരമാണെന്ന് തോന്നിയാല്‍ സന്തോഷപൂർവ്വം നല്‍കേണ്ട ഒന്നാണ് ടിപ്പ്. അല്ലാതെ അത് നിർബന്ധപൂർവ്വം ഈടാക്കേണ്ട ഒന്നല്ല. എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്' എന്ന് ഉപഭോക്താവ് വ്യക്തമാക്കി.
സംഭവം വൈറലായതോടെ വലിയ പിന്തുണയാണ് ഉപഭോക്താവിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ജീവനക്കാർക്ക് ന്യായമായ ശമ്പളം നല്‍കാതെ, അതിന്റെ ഭാരം ടിപ്പിലൂടെ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുന്ന വിദേശ രീതിയാണ് റസ്റ്റോറന്റുകള്‍ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് നിരവധി പേർ വിമർശിച്ചു.
റസ്റ്റോറന്റുകളില്‍ മാത്രമല്ല, വാഹനങ്ങള്‍ വാങ്ങുമ്പോഴും, ഗാർഹിക ഉപകരണങ്ങള്‍ ഇൻസ്റ്റാള്‍ ചെയ്യാനെത്തുന്ന ജീവനക്കാരിലും, സർക്കാർ ഓഫീസുകളില്‍ പോലും ടിപ്പും അനാവശ്യ പാരിതോഷികങ്ങളും നിർബന്ധമാക്കുന്ന സംസ്കാരം വളർന്നുവരികയാണെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനാവശ്യ തർക്കങ്ങള്‍ ഒഴിവാക്കാൻ ബില്‍ തുക കൗണ്ടറില്‍ നേരിട്ടോ യുപിഐ, കാർഡ് വഴി നല്‍കുന്നതോ ആണ് സുരക്ഷിതമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായമുയർന്നു.