സ്വർണവില കൂടിയോ കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,13,040 രൂപയായി താഴേക്ക് എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കയിൽ നിന്നുള്ള അനുകൂലമായ തൊഴിൽ ഡേറ്റയും സാമ്പത്തിക റിപ്പോർട്ടുകളുമാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം. യു.എസ് സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണത്തിന് തിരിച്ചടിയായത്. പലിശനിരക്ക് വർധിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കുറയ്ക്കാൻ ഇടയാക്കുമെന്ന് വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ വച്ച് സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ്. ഇതിന് മുൻപ് കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്.