ഇടവ റെയിൽവേ ലെവൽ ക്രോസിൽ ബസിടിച്ച് ഗേറ്റ് ലോക്ക് തകർന്നു

വർക്കല:​ഇടവ റെയിൽവേ ലെവൽ ക്രോസിൽ കെഎസ്ആർടിസി ബസിടിച്ച് ഗേറ്റിന്റെ ലോക്ക് സംവിധാനം തകർന്നു. വ്യാഴം വൈകിട്ട് 4.50നാണ് സംഭവം.  
​തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് ട്രെയിനിനായി ഗേറ്റ് അടച്ചിരുന്നു. ട്രെയിൻ കടന്നുപോയശേഷം ഗേറ്റ് തുറന്നതോടെ പിന്നാലെ കൊല്ലം ഭാഗത്തേക്കുള്ള ഷട്ടിൽ ട്രെയിൻ കടന്നുപോകാൻ അടയ്ക്കുന്നതിനിടെയാണ് അപകടം.  
​ഗേറ്റ് അടയ്ക്കാൻ തുടങ്ങിയതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ വേഗത്തിൽ ലെവൽ ക്രോസ് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ കാപ്പിൽ ഭാഗത്തുനിന്നെത്തിയ ബസ് ഗേറ്റിന്റെ ലോക്ക് സ്റ്റാൻഡിൽ ഇടിച്ചു.  
​ലോക്കിന് കേടുപാടുണ്ടായതോടെ ഷട്ടിൽ ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടയ്ക്കാൻ കഴിഞ്ഞില്ല.  
​നാട്ടുകാർ ഗേറ്റ് സ്റ്റാൻഡ് കയർ ഉപയോഗിച്ച് കെട്ടിനിർത്തി.  
​ഈ സമയത്ത് ഷട്ടിൽ ട്രെയിൻ ലെവൽ ക്രോസ് ഭാഗത്തുകൂടി സാവധാനം കടന്നുപോകുകയായിരുന്നു. വാഹനങ്ങൾ സമീപത്തെ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുമുണ്ടായി.