മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാപവാദ കേസില്‍ കുരുക്കാന്‍ നടന്ന ഗൂഢാലോചന കേസിലെ സാക്ഷിമൊഴികള്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് വീണ്ടും വലിയ തിരിച്ചടിയാകുന്നു. സോളാര്‍ കേസ് പ്രതിയെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെത്തിച്ച് പരിചയപ്പെടുത്തിയത് കെ.ബി. ഗണേഷ്‌കുമാറായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയുടെ സുരക്ഷാ ജീവനക്കാരായിരുന്നവരുടെ നിര്‍ണ്ണായക മൊഴി. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ ഗതി മാറ്റുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ സെക്യൂരിറ്റി സ്റ്റാഫിലുണ്ടായിരുന്ന രവീന്ദ്രന്‍പിള്ള, ശ്രീകുമാര്‍ എന്നിവരാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിയെ രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കാന്‍ സോളാര്‍ പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ചേര്‍ന്ന് ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ സുധീര്‍ ജേക്കബ്, ജോളി അലക്‌സ് മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ഈ മൊഴികള്‍ രേഖപ്പെടുത്തിയത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍ തന്നെയാണ് സോളാര്‍ കേസ് പ്രതിയെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് സാക്ഷികള്‍ വ്യക്തമാക്കി. ഇവര്‍ എത്തുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വരവും കാത്ത് പ്രതിയെ അദ്ദേഹത്തിന്റെ മുറിയില്‍ ഇരുത്തിയത് ഗണേഷ്‌കുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ ആള്‍ എന്ന നിലയിലാണ് പ്രതിയെ അന്ന് ഗണേഷ്‌കുമാര്‍ പരിചയപ്പെടുത്തിയത്. 'ലക്ഷ്മി നായര്‍' എന്ന വ്യാജ പേരിലായിരുന്നു ഇവര്‍ തങ്ങളെയും ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടതെന്നും സാക്ഷികള്‍ കോടതിയില്‍ പറഞ്ഞു. അന്നത്തെ ഭരണസംവിധാനത്തിലെ മുതിര്‍ന്ന ഒരു മന്ത്രി തന്നെ മുന്നില്‍ നിന്ന് വഴിനടത്തിയതിനാല്‍ ആര്‍ക്കും യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല.
പിന്നീട് മുഖ്യമന്ത്രി ഓഫീസിലെത്തിയതോടെ ദുരിതാശ്വാസനിധിയിലേക്കുള്ള ചെക്ക് കൈമാറുകയും ഇതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായാണ് ഈ ഫോട്ടോയെടുപ്പ് നടന്നതെന്നാണ് സൂചനകള്‍. പിന്നീട് സോളാര്‍ കേസ് വലിയ വിവാദമാവുകയും പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് മുന്നിലെത്തിയ ലക്ഷ്മി നായരുടെ യഥാര്‍ത്ഥ പേരും അവരുടെ പശ്ചാത്തലവും മനസ്സിലായതെന്നും മുന്‍ സുരക്ഷാ ജീവനക്കാര്‍ മൊഴി നല്‍കി.
സോളാര്‍ കേസിന്റെ തുടക്കം മുതല്‍ കേസിന്റെ പിന്നാമ്പുറങ്ങളില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു ഗണേഷ്‌കുമാറിന്റേത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ചമയ്ക്കുന്നതിലും പരാതിക്കാരിയുടെ കത്ത് തിരുത്തിയതിലും ഗണേഷിന് പങ്കുണ്ടെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന സാക്ഷിമൊഴികള്‍ ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലമേകുന്നതാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തുകൊണ്ട് കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ അന്നേ ഗൂഢാലോചന നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സാക്ഷിമൊഴികള്‍. ഗണേഷ്‌കുമാറിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ഈ കേസില്‍ അദ്ദേഹത്തിന് ഇനി എളുപ്പത്തില്‍ തലയൂരാന്‍ സാധിക്കില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേസില്‍ ഹാജരാകുന്ന ഓരോ സാക്ഷികളും ഗണേഷിന് എതിരെ മാത്രം മൊഴി നല്‍കുന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കുകയാണ്. സോളാര്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെ ആരോപണവിധേയയായ സ്ത്രീയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് ആനയിക്കാന്‍ കാണിച്ച ധൃതിയും അതിന് പിന്നിലെ താല്പര്യങ്ങളുമാണ് ഇപ്പോള്‍ കോടതിക്ക് മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരായ സാക്ഷികളുടെ മൊഴിയെടുപ്പ് കേസിലുണ്ടാകും. കേസ് കൂടുതല്‍ വിചാരണയ്ക്കായി കോടതി ഒക്ടോബര്‍ 14-ലേക്ക് മാറ്റിയിരിക്കുകയാണ്. അന്ന് മുന്‍മന്ത്രി കെ. ബാബു കോടതിയില്‍ ഹാജരായി മൊഴി നല്‍കും. ഭരണതലത്തിലും രാഷ്ട്രീയതലത്തിലും വലിയ അലയൊലികള്‍ സൃഷ്ടിച്ച സോളാര്‍ ഗൂഢാലോചന കേസില്‍ കെ. ബാബുവിന്റെ മൊഴിയും കേസിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണ്ണായകമാകും.
മാസങ്ങളായി തുടരുന്ന വിചാരണ നടപടികളിലൂടെ സോളാര്‍ കേസിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോടതി. ഭരണീയരുടെ പദവിയും സ്വാധീനവും ഉപയോഗിച്ച് കെട്ടിച്ചമച്ച കഥകളുടെ പിന്നിലെ സത്യാവസ്ഥ തെളിയുന്നതോടെ ഗണേഷ്‌കുമാറിനെ കൂടുതല്‍ കടുത്ത നിയമനടപടികള്‍ കാത്തിരിക്കുന്നു എന്ന സന്ദേശമാണ് കൊട്ടാരക്കര കോടതിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത്.