കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഇന്ന് കൊച്ചിയുടെ മണ്ണില്‍ പന്ത് തട്ടാനിറങ്ങും. ഐ എം വിജയന്‍ നയിക്കുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ടീം ബ്രസീല്‍ ലെജന്‍ഡ്‌സിനെ നേരിടും. രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാല്‍ റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ടീമിന്റെ ഭാഗമാണ്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന ഇരുവരുടെയും സാന്നിധ്യമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ട റൊണാള്‍ഡീഞ്ഞോ കൊച്ചിയിലെ മൈതാനത്തിറങ്ങുമ്പോള്‍ ഗ്യാലറി ആവേശത്തിലമരും.
എഡ്മില്‍സണ്‍, പൌലോ സെര്‍ജിയോ, വിയോള എന്നിവരുമുള്‍പ്പെട്ടതാണ് ബ്രസീല്‍ ടീം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന താരനിരയാണ് മറുവശത്ത്. ഐ എം വിജയന്‍, ബൈച്ചുങ് ബൂട്ടിയ, ജോ പോള്‍ അഞ്ചേരി, സി കെ വിനീത് എന്നിവര്‍ ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനായി കളത്തിലിറങ്ങും. ബ്രസീലിന്റെ ലോകകപ്പ് ഹീറോകളും ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണതാരങ്ങളും പന്ത് തട്ടാനിറങ്ങുമ്പോള്‍ കൊച്ചിക്ക് ഇന്ന് ആഘോഷരാവ്.
ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കൊച്ചി: കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടം ഇന്നു നടക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ആവേശപ്പോരാട്ടം. കാണികള്‍ക്ക് വൈകീട്ട് 5.30 മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം. മത്സരം സി 5 ആപ്പിലും തത്സമയം കാണാനാകും.

കൊല്‍ക്കത്തയില്‍ നിലവിലെ ബ്രസീല്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മിലുള്ള ചരിത്ര പോരാട്ടം അരങ്ങേറുന്നതിന് തൊട്ടുമുന്‍പ് ഇതിഹാസങ്ങള്‍ കളത്തിലെത്തുന്നു എന്ന സവിശേഷതയും കൊച്ചിയിലെ മത്സരത്തിനുണ്ട്. ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്. ഇരു ടീമുകളും തമ്മിലുള്ള റിട്ടേണ്‍ ഓഫ് ദ ടൈറ്റന്‍സ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ 2-1 ന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

മത്സരത്തിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങള്‍ തിങ്കളാഴ്ച എത്തി. റിവാള്‍ഡോ, എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്രസീല്‍ ടീമില്‍ അണിനിരക്കും.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്‍സന്‍, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്ലി, മഹെറാജുദ്ദീന്‍ വാഡു, മെഹ്താബ് ഹുസൈന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്.