*ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ നിയമപ്രകാരം കേസ്*

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇ ഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇ ഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽനിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്ക് എതിരെയും അന്വേഷണം നടത്തും. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്.

മെയ് 27നാണ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ 27 പേരെ ആണ് പൊലീസ് പ്രതിചേർത്തിരുന്നത്. പിഎംഎൽഎ നിയമത്തിൽ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂൾ ഒഫൻസിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തവരെ ഇഡിയും പ്രതികളാക്കിയത്.