തിരുവനന്തപുരം ചിറയിന്‍കീഴില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് എംഎല്‍എക്ക് എതിരെ പ്രാദേശിക നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എംഎല്‍എയുടെ സ്റ്റാഫ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപിന്റെ ഇടപെടലുകളാണ് പ്രധാനമായും നേതാക്കളുടെ വിമര്‍ശനത്തിന് വിധേയമാകുന്നത്. പ്രദീപിന്റെ നിയമനം, മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടല്‍, കരാര്‍ ജോലികളുമായി ബന്ധപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടങ്ങിയ വിഷയങ്ങളില്‍ കെപിസിസി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
പരിഭാഷാ സോഫ്റ്റ്‌വെയർ ഉപയോഗിക്കൂ
പ്രാദേശിക കോണ്‍ഗ്രസ് നേതാവായ അഭിലാഷ് മോഹനനാണ് രമ്യ ഹരിദാസിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ചിറയിന്‍കീഴിലെ സംഘര്‍ഷത്തില്‍ സജിത്ത് മുട്ടപ്പലത്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണമാണ് നിലവില്‍ കൂടുതല്‍ വിശ്വസനീയമെന്ന് അഭിപ്രായപ്പെട്ട അഭിലാഷ്, സജിത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കെപിസിസി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമായും പാളയം പ്രദീപിന്റെ പാര്‍ട്ടി-എംഎല്‍എ ഓഫീസ് ബന്ധമാണ് അഭിലാഷ് ചോദ്യം ചെയ്യുന്നത്. 'പാളയം പ്രദീപ് എങ്ങനെയാണ് പെട്ടെന്ന് രമ്യ ഹരിദാസിന്റെ പി.എ. സ്റ്റാഫായത്? കെപിസിസി അംഗമാണോ എംഎല്‍എയുടെ ഡ്രൈവറായി നടക്കേണ്ടത്?' എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. പ്രദീപിന് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ എന്ത് ഔദ്യോഗിക അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
പുതിയ ഭാഷകൾ പഠിക്കുക
അഭിലാഷ് മോഹനന്റെ രണ്ടു കുറിപ്പുകളുടെ പൂര്‍ണരൂപം:
ഒരാളുടെ സംസാരം കാണുമ്പോള്‍ ഒരു പരിധി വരെ നമുക്ക് അത് സത്യം ആണോ നുണ ആണോന്ന് മനസിലാകും അതുകൊണ്ട് സജിത്ത് പറയുന്നത് ആണ് തല്ക്കാലം വിശ്വസിക്കാന്‍ പോകുന്നത്. സജിത്ത് പറയുന്ന കാര്യങ്ങള്‍ കെപിസിസി അന്വേഷണം നടത്തണം.
1, പാളയം പ്രദീപ് എങ്ങനെ ആണ് പെട്ടന്ന് രമ്യ ഹരിദാസ് ന്റെ PA സ്റ്റാഫ് ആയത്? കെപിസിസി മെമ്പര്‍ ആണോ MLA യുടെ ഡ്രൈവര്‍ ആയിട്ട് നടക്കേണ്ടത്?
2, പാളയം പ്രദീപ് എന്തിനാണ് മണ്ഡലത്തിലെ കരാര്‍ വര്‍ക്ക് എടുക്കുന്നവരെ ബന്ധപ്പെടുന്നത്?
3, രമ്യ ഹരിദാസ് എന്തുകൊണ്ട് ആണ് ഇത്രയും ജില്ല മാറി വന്ന് മത്സരിച്ചിട്ട് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാതെ പാളയം പ്രദീപ് നോട് സംസാരിക്കാന്‍ ആളുകളോട് ആവിശ്യപ്പെടുന്നത്.
4, MLA യുടെ സ്റ്റാഫ് മണ്ഡലത്തില്‍ ഉള്ള ആള്‍ ആയിരിക്കണം അല്ലെങ്കില്‍ ആ ജില്ലയില്‍ നിന്നുള്ള ആള്‍ ആയിരിക്കണം ഇത് രണ്ടും അല്ലാത്ത പ്രദീപ് എങ്ങനെ സ്റ്റാഫ് ആയി?
5, പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പാളയം പ്രദീപ് നെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ടോ? മണ്ഡലത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രദീപ് മണ്ഡലത്തില്‍ എന്ത് പദവി ആണ് പാര്‍ട്ടി കൊടുത്തിട്ടുള്ളത്?
ഇത്രയും കാര്യങ്ങള്‍ക്ക് പാര്‍ട്ടി രമ്യ ഹരിദാസിനോട് വിശദീകരണം ചോദിക്കണം ചോദിച്ചാല്‍ മാത്രം പോരാ ഉത്തരം എഴുതി വാങ്ങിക്കണം അല്ലെങ്കില്‍ അവര്‍ ഇതിലും വലിയ ബാധ്യത പാര്‍ട്ടിക്ക് നാളെകളില്‍ ഉണ്ടാക്കി വെക്കും. സജിത്തൊക്കെ കെഎസ് യു മുതല്‍ പ്രവര്‍ത്തിച്ചുവന്ന പ്രാദേശിക ബന്ധമുള്ള നേതാവാണ്. സിപിഎം കുത്തക ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് വിജയിച്ചുകയറിയത് അതുകൊണ്ട് സജിത്ത് പറയുന്ന കാര്യങ്ങള്‍ക്ക് പാര്‍ട്ടി പരിഗണന കൊടുക്കണം അന്വേഷണം നടത്തണം
തലതൊട്ടപ്പന്മാര്‍ ഉള്ളത് കൊണ്ട് കോണ്‍ഗ്രസില്‍ വളര്‍ന്ന് വന്ന ചെറുപ്പക്കാരന്‍ അല്ല സജിത്ത്, KSU വില്‍ കൂടി കടന്ന് വന്ന് സ്വന്തം കഴിവില്‍ കൂടി വാര്‍ഡില്‍ ജയിച്ച് പിന്നീട് സിപിഎം ന്റെ കുത്തക കോട്ടയായ തിരുവനന്തപുരം ജില്ല പഞ്ചായത്ത് സീറ്റില്‍ ജയിച്ച ചെറുപ്പക്കാരന്‍ ആണ് സജിത്ത്.
സജിത്തിനെ MLA രമ്യ ഹരിദാസ് കൊടുത്ത SC/ST വ്യാജ പരാതിയില്‍ ജയിലില്‍ അയക്കരുത് യൂത്ത് കോണ്‍ഗ്രസ്സ് ഇടപെടണം പാര്‍ട്ടി ഇടപെടണം. ഇത്തരം കേസുകളില്‍ പെട്ടാല്‍ ഈ ചെറുപ്പക്കാരന്റെ ജീവിതം തകരും അത് മറന്ന് പോകരുത്. സജിത്തിനെ സംരെക്ഷിക്കേണ്ടത് അവന്റെ പാര്‍ട്ടി ആണ് ആ ഉത്തരവാദിത്വം കാണിക്കണം
-അഭിലാഷ് മോഹനന്‍
ഇതിനിടെ, രമ്യ ഹരിദാസിനെതിരെ കടുത്ത വിമര്‍ശനവുമായി മറ്റൊരു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപകുമാര്‍ സാഹിതിയും രംഗത്തെത്തി. രമ്യ ഹരിദാസിനോടുള്ള തുറന്ന കത്തിലാണ് ചിറയിന്‍കീഴിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനം മാറ്റണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
ചിറയിന്‍കീഴില്‍ 15 വര്‍ഷം എംഎല്‍എയായിരുന്ന വി. ശശിയുടെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും അദ്ദേഹം വിദ്യാസമ്പന്നനും മാന്യനുമായ നേതാവായിരുന്നുവെന്നാണ് ഗോപകുമാര്‍ സാഹിതിയുടെ വിലയിരുത്തല്‍. വി. ശശി ഇത്തവണ മത്സരിക്കാതിരുന്നതും സംസ്ഥാനത്താകെ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗവുമാണ് രമ്യയുടെ വിജയത്തിന് നിര്‍ണായകമായ ഘടകങ്ങളായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ പ്രാദേശിക നേതാക്കളെ മാറ്റിനിര്‍ത്തി പുറത്തുനിന്നൊരാളെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം മറികടന്നും രമ്യ വിജയിച്ചതിന് പിന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണെന്നും ഗോപകുമാര്‍ കുറിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിലെ പ്രവര്‍ത്തകരുടെ പങ്ക് അദ്ദേഹം എടുത്തുപറയുന്നു.
ഗോപകുമാര്‍ സാഹിതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഏറെ ബഹുമാന്യയായ രമ്യാ ഹരിദാസ് MLA ക്ക്,
ചിറയിന്‍കീഴില്‍ 15 വര്‍ഷം MLA ആയിരുന്നത്
ശ്രീ വി. ശശി സാറാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടേ.
വിദ്യാസമ്പന്നനും അടിമുടി മാന്യനുമായ
ആ മനുഷ്യന്‍ ഇത്തവണ മല്‍സരിക്കാതിരുന്നതും കേരളമൊട്ടാകെ ആഞ്ഞടിച്ച UDF സുനാമിയുമാണ് താങ്കളുടെ വിജയത്തില്‍ നിര്‍ണ്ണായകമായ ഘടകങ്ങള്‍.
പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കള്‍ വിജയത്തിലേക്കെത്തിയത്
പാവപ്പെട്ട പ്രവര്‍ത്തകന്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതു കൊണ്ടാണ്.
പ്രത്യേകിച്ച് തീരദേശ മേഖലകളില്‍.
ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ച ഒരു പാര്‍ലമെന്റ് മണ്ഡലം വെള്ളിത്തളികയില്‍ വച്ച് CPM ന് കൊടുത്ത താങ്കളെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചു.
അവിടെയും തോറ്റിട്ടും വീണ്ടും താങ്കളെ പരിഗണിച്ച പാര്‍ട്ടിയുടെ മുഖത്ത് കരിവാരിത്തേക്കാന്‍ താങ്കള്‍ക്ക് ആരാണവകാശം നല്‍കിയത് ?
സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ തന്നെ ഒപ്പമുള്ള ഇത്തിള്‍ക്കണ്ണി,
പ്രവര്‍ത്തകര നിരന്തരം അവഹേളിച്ചിരുന്നു, പ്രകോപിപ്പിച്ചിരുന്നു.
ആ ഇത്തിള്‍ക്കണ്ണിയെ ഒഴിവാക്കി വിടണമെന്ന് താങ്കളോട് പലവട്ടം പലരും പറഞ്ഞുവെങ്കിലും അനുസരിച്ചില്ല.
പ്രവര്‍ത്തന പാരമ്പര്യമേറെയുള്ള പ്രാദേശിക നേതാക്കളെ വെറുപ്പിക്കുന്നതില്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം മല്‍സരിക്കുകയാണെന്നത്
നാട്ടില്‍ പാട്ടാണ്.
ലക്ഷോപലക്ഷം പ്രവര്‍ത്തകരുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പഞ്ചായത്ത് മെമ്പറാകാന്‍ കഴിയുന്നതുപോലും ഭാഗ്യമാണ്.
താങ്കളെ എം.പി. യാക്കി,
ഇപ്പോള്‍ MLA യാക്കി.
പാര്‍ട്ടിയുടെ സുപ്രധാന പദവികള്‍ നല്‍കി.
ഒരുപാടൊന്നും പറയുന്നില്ല.
ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല.
പക്ഷേ ഒരു MLA യ്ക്കു ചേര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുക, പെരുമാറുക.
ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക.
അഞ്ചു വര്‍ഷവു നിങ്ങളുടെ പാട്ട് കേള്‍ക്കാനുള്ള
പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്.
നിങ്ങള്‍ക്കൊപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക.
പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു പോകുക.
നിത്യദാരിദ്ര്യത്തില്‍ നിന്ന് നിങ്ങളെ കരകയറ്റിയ പാര്‍ട്ടിയാണിത്.
നിങ്ങളെ നാലാളറിയുന്ന രമ്യാ ഹരിദാസ് ആക്കിയതും പാര്‍ട്ടിയാണ്.
ആ പാര്‍ട്ടിയെ അവഹേളിക്കരുത്,
പ്ലീസ്