വലയുന്നത് പ്രഥമാധ്യാപകർ.
അടിക്കടിയുള്ള പാചകവാതക വിലവർധന,
ദിനംപ്രതി വർദ്ധിക്കുന്ന
പലചരക്ക് -പച്ചക്കറി വിലവർധന എന്നിവയും അധിക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പാൽ, മുട്ട എന്നിവയുടെ വില വർധനയും കാരണം സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ച് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ ഒരു കുട്ടിക്ക് 10.18 രൂപയുമാണ് നൽകുന്നത്. ഈ തുക പ്രകാരം പദ്ധതി നടത്തിക്കൊണ്ടുപോവാൻ സാധിക്കില്ലെന്ന് പ്രധാനാധ്യാപകർ പറയുന്നു. അധിക പോഷകാഹാര പദ്ധതിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം എന്നിരിക്കെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രഥമാധ്യാപകർ. ഇതിനിടയിൽ തന്നെ ചെലവഴിച്ച തുകയുടെ ബില്ലുകൾ മാറിയെടുക്കാൻ ഇനി ട്രഷറിയിലും കയറിയിറങ്ങേണ്ട അവസ്ഥയാണ്. മുമ്പ് എഇഒ ഓഫീസിൽനിന്ന് നൂൺ മീൽ ഓഫീസർ ബിൽ പാസാക്കി ബാങ്കിൽനിന്ന് തുക മാറിയെടുക്കാം. എന്നാൽ ഇപ്പോൾ നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്റ്റേറ്റ്മെന്റും ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം മാസം മുഴുവൻ വൗച്ചറുകളും നൽകണം. ജിഎസ്ടി രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയ ബില്ലുകളും നിർബന്ധമാണ്. ഓരോ മാസത്തെയും ബില്ലുകൾ പാസാക്കിയെടുക്കാൻ രണ്ടും മൂന്നും തവണ ട്രഷറി കയറിയിറങ്ങേണ്ട അവസ്ഥ.
എൽപി, യുപി വിദ്യാലയങ്ങളിൽ ക്ലാസ് ചുമതല ഉൾപ്പെടെയുള്ള പ്രധാനാധ്യാപകരാണ് വലയുന്നത്. ബില്ലുകൾ ട്രഷറിയിൽ നിന്ന് പരിശോധിച്ച് തുക ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്കാണ് കൈമാറുക. പ്രധാനാധ്യാപകർക്ക് ലഭിക്കേണ്ട തുക വീണ്ടും വൈകിപ്പിക്കാനാണ് ഈ നടപടി ഇടയാക്കുക. ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാർ വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. കേന്ദ്രസർക്കാർ വിഹിതം എത്തിയാലും അത് സംസ്ഥാന സർക്കാർ വകമാറ്റി വൈകിപ്പിക്കുന്ന പതിവ് രീതിയിൽ ആണ് ഇപ്പോഴും പോകുന്നത് എന്ന് അധ്യാപകർ പറയുന്നു. അധിക പോഷകാഹാര പദ്ധതിയുടെ തുക സംസ്ഥാന സർക്കാരാണ് അനുവദിക്കുന്നത്.അതും വച്ച് താമസിപ്പിക്കുന്ന മുൻ സർക്കാരിന്റെ കാലത്തുള്ള പതിവ് സാമ്പത്തിക പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്ന് അധ്യാപകർ പറയുന്നു.
.