തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം; ശക്തമായ കല്ലേറ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ തിരുവനന്തപുരത്ത് സംഘർഷം. മാർച്ചിന് നേരെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീപന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ഹോസ്റ്റലിൽ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കറന്റ് കട്ടായപ്പോൾ കളിയാക്കിയതോടെ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ വാദം. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് വിദ്യാർഥികൾക്ക് നേരെയും പുറത്ത് യൂത്ത് കോൺ​ഗ്രസിനെതിരെയും കല്ലേറുണ്ടായി. ഹോസ്റ്റലിനകത്തേക്ക് പ്രവേശിച്ച പൊലീസ് വിദ്യാർഥികൾ‌ക്ക് നേരെ ലാത്തി വീശി. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.
ഹോസ്റ്റലിലേക്ക് പ്രവർത്തകർ വലിച്ചെറിഞ്ഞ പന്തങ്ങൾ ഹോസ്റ്റലിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലായും ജനലുകളിലും വീണിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി മുതിർന്ന നേതാക്കൾ ഇടപെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായിട്ടില്ല.