സ്കൂൾ ആയയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം; വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം...​ അഞ്ചലിൽ വിദ്യാലയത്തിന് മുന്നിലിട്ട് സ്കൂൾ ആയയെ ഭർത്താവ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. വെളളിയാഴ്ച രാവിലെ സ്കൂൾ പ്രവർത്തന സമയം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ ആയയുടെ ഭർത്താവിനെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു.
​കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിലെത്തിയ ആയയുമായി വാക്കേറ്റത്തിലേർപ്പെട്ട പ്രതി, തുടർന്ന് കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റോഡിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആയയെ നിലവിളി കേട്ടെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പോലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.