*വയോധികയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ കൊച്ചുമകൾ അറസ്റ്റിൽ*

കൊല്ലം: ചടയമംഗലത്ത് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റില്‍. ആയൂർ സ്വദേശിനി അമൃത(18)യാണ് പൊലീസിന്റെ പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് അമൃതയുടെ മൊഴി. കേസിൽ ഇവരുടെ മാതാവ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി(38) ഒളിവിലാണ്. അശ്വതി ഹണി ട്രാപ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനി രാധാമണിക്ക് (61) പൊള്ളലേറ്റത്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വയോധികയോടുള്ള ക്രൂരത. വീടിൻ്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ആശുപത്രിയിൽ ചികിത്സയിലാണ്.