കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു, കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരൻ

പ്രമുഖ കലാ-സാംസ്‌കാരിക നായകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൊന്നായ 'സൂര്യ കള്‍ച്ചറല്‍ സൊസൈറ്റി'യുടെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ (ISRO) ശാസ്ത്രജ്ഞനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം പൂര്‍ണമായും കലാ-സാംസ്‌കാരിക രംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അദ്ദേഹം തുടക്കം കുറിച്ച 'സൂര്യ ഫെസ്റ്റിവല്‍' ലോകമെമ്പാടുമുള്ള കലാസ്‌നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ നാടക-ദൃശ്യകലാ രംഗത്ത് നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. സാംസ്‌കാരിക രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.