ബ്രസീലിന്റെ വലയിൽ പന്തെത്തിച്ച് സികെ വിനീത് ഇന്ത്യൻ നിരയ്ക്ക് അമ്പരപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രസീൽ അനായാസ നീക്കങ്ങളിലൂടെ നിരന്തരം ഗോളുകൾ നേടി. പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡിഞ്ഞോ ആണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. തുടർന്ന് ഫെർണാണ്ടിഞ്ഞോയുടെ ഹാട്രിക്കിൽ സന്ദർശകർ 4-1 ന് മുന്നിലെത്തി.
എന്നാൽ, ഹെഡ്ഡർ ഗോളിലൂടെ സികെ വിനീതും കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ അഷിം ബിശ്വാസും ഗോളുകൾ മടക്കി കളി ആവേശകരമാക്കി.
ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി കൊച്ചി മെട്രോ അധിക സർവീസുകൾ ഏർപ്പെടുത്തുകയും വലിയ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഐഎം വിജയൻ, ആസിഫ് സഹീർ, ബൈച്ചുങ് ബൂട്ടിയ, മിഹ്റാജുദ്ദീൻ വദൂ തുടങ്ങിയ പ്രമുഖർ ഇന്ത്യക്കായി ബൂട്ടുകെട്ടിയപ്പോൾ ബ്രസീലിനു വേണ്ടി എഡ്മിൽസൺ, റിവൽഡോ തുടങ്ങിയവരും ബൂട്ടുകെട്ടി.