ബ്രാഹ്‌മണ രക്തം താഴ്ന്ന ജാതിക്കാര്‍ക്ക് നല്‍കാനാവില്ല'; മധ്യപ്രദേശില്‍ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജാതിയുടെ പേര് പറഞ്ഞ് ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരനായ വ്യക്തിയുടെ രക്തം താഴ്ന്ന ജാതിക്കാരിയായ രോഗിക്ക് നല്‍കാനാവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ രക്തദാനം തടയുകയായിരുന്നുവെന്ന് യുവതിയുടെ അമ്മാവനായ ബൈജ്‌നാഥ് വൈശ്യ ആരോപിച്ചു.

സിദ്ധി ജില്ലയില്‍ നിന്നും ഗുരുതര രോഗവുമായി ചികിത്സയ്‌ക്കെത്തിയ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. രോഗിക്ക് അടിയന്തിരമായി രക്തം വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൈജ്‌നാഥിന്റെ സുഹൃത്തായ ജിതേന്ദ്ര പാണ്ഡെ രക്തദാനത്തിന് തയ്യാറായി ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ജാതി ചോദിച്ചറിയുകയും, ബ്രാഹ്‌മണനാണെന്ന് മനസ്സിലായതോടെ ബ്രാഹ്‌മണ രക്തം താഴ്ന്ന ജാതിക്കാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രക്തദാനം തടയുകയുമായിരുന്നുവെന്ന് കുടുംബം കണ്ണീരോടെ വ്യക്തമാക്കി. സ്വന്തം ജാതിയില്‍പ്പെട്ട രക്തദാതാക്കളെ കൂട്ടിക്കൊണ്ടുവരാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.

'എന്റെ സുഹൃത്തിന്റെ അനന്തരവള്‍ എന്റേയും അനന്തരവളാണ്. എനിക്ക് ജാതി ഭേദമില്ല. രക്തം നല്‍കാന്‍ സന്നദ്ധനായി ആശുപത്രിയിലെത്തിയ എന്നെ അധികൃതര്‍ തടയുകയായിരുന്നു. ഇപ്പോള്‍ ആരെയും ആശുപത്രിയിലേക്ക് കടത്തിവിടുന്നില്ല,' എന്ന് രക്തദാനത്തിന് തയാറായി വന്ന ജിതേന്ദ്ര പാണ്ഡെ വ്യക്തമാക്കി. അതേസമയം, ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ പൂര്‍ണ്ണമായും തള്ളി.