ബുള്ളറ്റ് മോഷ്ടാവ് തമിഴ്നാട്ടിൽ പിടിയിൽ

കൊല്ലം: കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബുള്ളറ്റ്  മോഷ്ടിച്ച കേസിൽ പ്രതി തമിഴ്നാട്ടിൽ പിടിയിലായി. തിരുനെൽവേലി സ്വദേശിയായ രമേഷ് എം. എന്ന സുഭാഷ് (24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.

മാഞ്ഞാലിമുക്ക് ഭാഗത്തെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ്  മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്. 2026 ഓഗസ്റ്റ് 23-ന് അർധരാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ചാത്തന്നൂർ എ.സി.പി. രാഖേഷിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനീസിന്റെ നിർദേശപ്രകാരം കൊട്ടിയം എസ്.എച്ച്.ഒ. വിഷ്ണു സജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ. അഭിജിത്ത്, സി.പി.ഒമാരായ അരുൺ, അഖിൽ, ഷംനാദ്, പ്രവീൺ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്