കിളിമാനൂർ ​നഗരൂർ കീഴ്പേരൂർ ഏലായിൽ കാട്ടുപന്നികൾ രണ്ടേക്കറോളം നെൽകൃഷി നശിപ്പിച്ചു.

കിളിമാനൂർ :നഗരൂർ കീഴ്പേരൂർ ഏലായിൽ കാട്ടുപന്നികൾ രണ്ടേക്കറോളം നെൽകൃഷി നശിപ്പിച്ചു. വിളവെടുപ്പിന് 15 ദിവസംമാത്രം ശേഷിക്കെയാണ് പന്നി കൂട്ടം കൃഷി നശിപ്പിച്ചത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.  
​ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്തുവരുന്ന പഞ്ചായത്തുകളിലൊന്നാണ് നഗരൂർ. പഞ്ചായത്തിലെ നെൽകൃഷിയുടെ പകുതിയോളം കീഴ്പേരൂർ പാടശേഖരത്തിലാണ്. എട്ട് ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരത്തിൽ രണ്ടേക്കറോളം കൃഷിയാണ് വ്യാഴം പുലർച്ചെയുണ്ടായ പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൂർണമായും നശിച്ചത്.  
​രൂക്ഷമായ പന്നിശല്യത്തെ തുടർന്ന് രണ്ടുദിവസംമുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നിരുന്നു. കൂടുതൽ പന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും പന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ശേഷിക്കുന്ന നെൽകൃഷിയും പന്നികളുടെ ഭീഷണിയിലാണ്.  
​കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കിയത്. പന്നിശല്യം തുടർന്നാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറഞ്ഞു.