ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലാണ് ഈ സംഭവമുണ്ടായത്. വിദ്യാർഥിനിയെ കടുത്ത ഭാഷയിൽ അവഹേളിച്ച കണ്ടക്ടർ, കുട്ടിയെ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്നും അതിനാൽ സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റായ ‘സീറോ ടിക്കറ്റ്’ നൽകാൻ കഴിയില്ലെന്നും പറഞ്ഞു. പെണ്ണാണോ എന്നറിയാൻ വസ്ത്രം ഊരി നോക്കണമെന്നും അല്ലെങ്കിൽ പെണ്ണാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും അയാൾ വിദ്യാർഥിനിയോട് രോഷാകുലനായി പറഞ്ഞു.
ഇതിന് പുറമെ, ‘ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ബസിലെ മറ്റ് യാത്രക്കാരോട് ഉറക്കെ ചോദിക്കുകയും ചെയ്തു. കണ്ടക്ടറുടെ ഈ പ്രവൃത്തി തന്നെ കടുത്ത മാനസിക ബുദ്ധിമുട്ടിലാക്കിയെന്നും, പൊതുസമൂഹത്തിന് മുന്നിൽ വലിയ നാണക്കേടുണ്ടാക്കിയെന്നും കാണിച്ച് വിദ്യാർഥിനി പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തനിക്ക് നേരിട്ട ദുരനുഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പെൺകുട്ടി ഈ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.