തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എന്‍ജിനീയറിങ് വിദ്യാർഥികൾ മരിച്ചു

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് പേർ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42 മണിയോടെയാണ് അപകടമുണ്ടായത്.
സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരടക്കമുള്ളവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന ഏഴുപേർ അപകടസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
ഗുരുവായൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാർ, ദേശീയപാത വികസന നിർമ്മാണം നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവറും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
റോഡരികിൽ അശാസ്ത്രീയമായി നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിലൊന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഈ മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.