ചെക്ക് കേസിൽ രാധയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് തനിക്കെതിരെ രാധ പരാതിയുമായി രംഗത്തെത്തിയതെന്ന് അംബിക പറഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവ് രാജശേഖരനാണെന്നും അവർ ആരോപിച്ചു. കുടുംബത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ വീട്ടിൽത്തന്നെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ പരസ്യ ആരോപണങ്ങളുമായി എത്തിയത്. സ്റ്റുഡിയോയുടെ ഷെയർ, വസ്തുവകകൾ എന്നിവയുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ നിരവധി കേസുകൾ നിലവിലുണ്ട്.
രാധ തനിക്ക് 97 കോടിയോളം രൂപ നൽകാനുണ്ടെന്ന് അംബിക വ്യക്തമാക്കി. തനിക്ക് ചെക്ക് തന്നതും പിന്നീട് അത് ബാങ്കിൽ ബ്ലോക്ക് ചെയ്തതും രാധ തന്നെയാണ്. 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെടുത്തത് രാധയാണെന്നും അവർ കൂട്ടിപ്പേർത്തു.
നേരത്തെ, അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽ നിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. ഈ ആരോപണങ്ങൾക്ക് മറുപടിയായാണ് അംബിക വാർത്താ സമ്മേളനം വിളിച്ചുചേർത്തത്.