നിലമേൽ പുതുശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവറായ മുരുക്കുമൺ സ്വദേശി നാസിമുദീൻ (60) മരണപ്പെട്ടു.

കൊല്ലം: കടയ്ക്കൽ നിലമേലിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം. 

     അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് ഹോട്ടൽ ജീവനക്കാരികൾക്ക് പരിക്കേറ്റു.
​മുരുക്കുമണ്ണിൽ നിന്നും രണ്ട് ഹോട്ടൽ ജീവനക്കാരികളുമായി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. 

      ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

     ​ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ നാസിമുദ്ദീനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ നാസിമുദ്ദീനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

     ​വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ ബിന്ദു, മിനി എന്നിവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.